Saturday, March 15, 2008

സ്നേഹപൂര്‍വ്വം മൊയ്‌തുവിന്‌... ,


കുനിയേല്‍ മൊയ്‌തു. അദ്ദേഹം എന്റെ മാഷാണ്‌.ഒരു കാര്യം ആദ്യമേ പറയാം, പുള്ളി എന്നെ ഒരു സ്കൂളിലും പഠിപ്പിച്ചിട്ടില്ല, മാത്രമല്ല അദ്ദേഹം ഒരു സ്കൂളിലും പഠിപ്പിച്ചിട്ടുമില്ല. കാരണം മൊയ്‌തു പത്തില്‍ തോറ്റു പഠിപ്പ്‌ നിര്‍ത്തിയതാണ്‌ (ഈ കാര്യം ഇവിടെ പറയേണ്ടി വന്നതില്‍ താങ്കള്‍ എന്നോട്‌ പൊറുക്കുക). മദ്രസയിലോ, ദര്‍സിലോ, കോളേജിലോ, പാരലില്‍ കോളേജിലോ വെച്ചല്ല ഞങ്ങള്‍ തമ്മിലുള്ള ഗുരുശിഷ്യ ബന്ധം.

.... പിന്നെ മൊയ്‌തു എങ്ങി്നെ മാഷായി.................. ?

കാലം പത്തു പതിനേഴ്‌ ആണ്ടുകള്‍ക്ക്‌ മുമ്പ്‌, അന്നു ഞാന്‍ നാലിലോ അഞ്ചിലോ..., മൊയ്‌തു ഏഴിലും (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍...) എന്നേക്കാള്‍ രണ്ടു വഴസ്സു കൂടുതലാണ്‌ അവന്‌. പക്ഷെ ഞങ്ങള്‍ മദ്രസയില്‍ സഹപാഠികള്‍, രണ്ടു പേരും അഞ്ചില്‍ (അവന്‍ തോറ്റതല്ല,,,ചേര്‍ക്കാന്‍ വൈകിയതാണേ.....) അതുകൊണ്ടു തന്നെ ഞങ്ങള്‍ ചങ്ങാതികളുമാണ്‌ . പക്ഷെ, ഏന്നെ സംബന്ധിച്ചേടുത്തോളം ബഹുമാനവും പേടിയുമുള്ള ചങ്ങാതി, കാരണം അവന്‌ എന്നെക്കാള്‍ ആരോഗ്യമുണ്ട്‌..(നല്ല മസ്സിലാണ്)..മദ്രസ്സയില്‍, തടിയന്‍ അന്‍വ്വര്‍, ഓ.ടി ഷറീഫ്‌..ഉമൈര്‍ഖാന്‍...ഇവര്‍ക്കെല്ലാം ഇടയിലാണ്‌ ഈ ചോട്ട.....ഇവരും ഞാനും മദ്രസയില്‍ മാത്രമാണ്‌ ബന്ധം (ഉമൈര്‍ഖാന്‍ ഒഴികെ), പക്ഷെ മൊയ്‌തുവും ഞാനും കണ്ടുമുട്ടുന്ന മറ്റൊരു പ്രധാന ഇടമുണ്ടായിരുന്നു. മിക്ക വെള്ളിയാഴ്ചയും കുറ്റ്യാടി ജുമാ: മസ്‌ജിദിന്റെ രണ്ടാമത്തെ നിലയിലെ ആളൊഴിഞ്ഞ മൂല,, ചുമരില്‍ പുറമമര്‍ത്തി കാലു മുമ്പോട്ടു നീട്ടിയിരിക്കാന്‍ ഖുതുബ: തുടങ്ങും മുമ്പെ നേരത്തെ എത്തും ഞാന്‍..(നേരത്തെ എത്താന്‍ വല്ല്യുപ്പാന്റെ നിര്‍ബ്ബന്ധവും മറ്റൊരു പ്രധാന കാരണമായിരുന്നു) ടിയാനും ഇതേ തരക്കാരന്‍..(മൊയ്‌തുവിന്‌ വല്ല്യുപ്പ ഉണ്ടായിരുന്നോ എന്ന്‌ എനിക്ക്‌ അറിയില്ല). മറ്റ്‌ കുട്ടികളെ പോലെതന്നെ പതിഞ്ഞ സ്വരത്തിലുള്ള സല്ലാപമായിരുന്നു..ഞങ്ങളുടേയും പണി.. വിഷയങ്ങള്‍ പലതുമാകും...ഫിറോസ്‌ കല്ല്‌ കൊണ്ട്‌ കുത്തിയിട്ട്‌ അനൂപിന്റെ നെറ്റി പൊട്ടിയത്‌..കണാരന്‍ മാഷിനെ കള്ളു ഷാപ്പിന്റെ മുമ്പില്‍ കണ്ടത്‌...മൊയ്‌തുവിന്‌ വല്യ മുഷുവിനെ കിട്ടിയത്‌..ഇത്തരം സമകാലിക വിഷയങ്ങള്‍....ആയിടക്ക്‌ ഒരു നാള്‍ മൊയ്‌തു എന്നോട്‌ ഒരു കാര്യം ചോദിച്ചു.

"ഇനിക്ക്‌ കൊളത്തുണ്ടോ... ?"

കാര്യം എനിക്ക്‌ മനസ്സിലായില്ലെങ്കിലും, ഉണ്ടെന്നു പറഞ്ഞാല്‍ അതു അവന്‌ കൊടുക്കേണ്ടി വരും എന്ന ബോധം എന്നില്‍ ഉണര്‍ന്നു.

"ഇല്ല"

"ഇനിക്ക്‌ കൊളത്തിക്കോറോ... ?"

ഏന്നെക്കാള്‍ മാര്‍ക്ക്‌ കുറച്ചു കിട്ടുന്ന മൊയ്‌തുവിനോട്‌ എന്റെ ജാളിയത നിറഞ്ഞ സംശയം.. ? "കൊളത്തെന്ത്ന്നാ... ?

"പ്രേമം.... !!!"

എന്റെ ദൈന്യത നിറഞ്ഞ കണ്ണുകളില്‍ ശിഷ്യത്വവും, മൊയ്‌തുവിന്റെ അഭിമാനം നിറഞ്ഞ കണ്ണുകളില്‍ ഗുരുത്വവും..

" ഒരു ആങ്കുട്ടിക്കു പെങ്കുട്ടിയോട്‌ തോന്നുന്ന ഇഷ്ടാണ്‌ പ്രേമം...." എനക്ക്ണ്ട്‌.. "

"കണ്ണടിച്ചിട്ട്‌, ഒരു കത്തെയുതി കൊടുത്ത മയി" അങ്ങിനെയാ കൊളത്തുന്നത്. മൊയ്‌തുവിന് ഇത്രയും ബുദ്ധി ഉണ്ടെന്നറിഞ്ഞത്‌ അന്നാണ്‌,, മനസ്സില്‍ അസൂയ തോന്നി ഒപ്പം കുറേ സംശയങ്ങളും..

"ആരെയാ കൊളത്തേണ്ടത്.... ?

"ഇനിക്ക്‌ ഇഷ്ടള്ള ആരേങ്കിലും... "

മനസ്സില്‍ ക്ളാസ്സിലെ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ ഓടി മറഞ്ഞു..ഒടുവില്‍ തീരുമാനിച്ചു..സറീന(വെളുത്ത നല്ല പൂച്ച കണ്ണുള്ള സുന്ദരി)..

നാണമുള്ള ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞു..കാതില്‍ കൂട്ടുകാരുടെ പരിഹസിക്കുന്ന ശബ്ദവും....

ആണും പെണ്ണും പാന്തോപ്പൊളിയന്‍....... ! ! !

ക്ലാസ്സ് അന്നവിടെ തീര്‍ന്നു, ജുമാ:അ തുടങ്ങി.. പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ ഗുരുശിഷ്യ ബന്ധം ദൃഡപ്പെട്ടിരുന്നു.. വെള്ളിയാഴ്ച്ചയും ജുമ:അയും പിന്നീടും ഒരുപാട്‌ വന്നു, ഞങ്ങളുടെ പഠനവും ,പക്ഷെ മൂലകള്‍ പലതും മാറി ..വിഷയങ്ങളും..

ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധവും ഉമ്മയും മകനും തമ്മിലുള്ള ബന്ധവും..അതും പ്രേമവും തമ്മിലുള്ള അന്തരവും..അങ്ങിനെ മൊയ്‌തുവിന്റെ പാഠപുസ്‌തകത്തില്‍ ഒരുപാട്‌ ഒരുപാട്‌ പാഠങ്ങള്‍. ഒടുവിലെപ്പോഴോ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും,,തുടര്‍ന്ന്‌ രതിയും രതിജന്യ പാഠങ്ങളും ഞാന്‍ മൊയ്‌തുവില്‍ നിന്നു പഠിച്ചു..അങ്ങിനെ ഞാന്‍ മൊയ്‌തു എന്ന മഹാപണ്ഡിതന്റെ ഒരു നല്ല ശിഷ്യനായി വളര്‍ന്നു...

പ്രിയപ്പെട്ട മൊയ്‌തു..., നമ്മള്‍ തമ്മില്‍ കണ്ടിട്ട്‌ എത്ര നാളായെന്നോര്‍ക്കുണ്ടോ..?ഒരു പത്തു വര്‍ഷമെങ്കിലും ആയിക്കാണും അല്ലെ? നിന്റെ ഈ അരുമ ശിഷ്യന്‍ ഇന്നൊരല്‍പം വളര്‍ന്നിട്ടുണ്ട്‌, മുഖത്തു ഒരു മീശ വന്നു, തോളിലൊരല്പം ഭാരവും, കൂട്ടത്തില്‍ ഒരു വിലാസവും ഒത്തു വന്നു "ഗള്‍ഫുകാരന്‍".മൊത്തത്തില്‍ ജീവിതം 'ങാ.. അങ്ങിനെ പോകുന്നു'.

നമ്മള്‍ പിരിഞ്ഞതിനു ശേഷവും ഞാനൊരുപാടു കാര്യങ്ങള്‍ പലയിടത്തു നിന്നായി പഠിച്ചു..പക്ഷെ നീ പഠിപ്പിച്ച പാഠങ്ങള്‍ അതു ഞാനിന്നും വളരെയധികം മൂല്യത്തോടെ ഓര്‍ക്കുന്നു...

ഇന്ന്‌, ഈ മീശയുള്ള നിഷാദിന്‌ ഒരുപാടു സംശയയുങ്ങളുണ്ട്‌ ,മൊയ്‌തുവിനോട്‌ ചോദിക്കാന്‍...നീ പഠിപ്പിക്കാന്‍ വിട്ടതോ..?ഞാന്‍ പഠിക്കാന്‍ മറന്നതോ ആയവ... !

വളരെ വൈകിയാണെങ്കിലും ഞാനൊരു കാര്യം പറയാം, ഞാന്‍ കൊളത്തിയിട്ടുണ്ട്‌, കണ്ണടിക്കാതെ,,കത്തുകൊടുക്കാതെ, ഒരു ഉഷിരന്‍ പ്രേമം (സറീനയല്ല മറ്റൊരു ചാര കണ്ണുള്ള സുന്ദരി), പക്ഷെ അവളിന്നു വിവാഹിതയാണ്‌ ,ഉഷിരന്‍ പ്രേമ വിവാഹം..അവളുടെ വിവാഹ തലേന്നു ഞാനവളെ ഒരുപാടു പ്രാകി..ശപിച്ചു..

മൊയ്‌തു , ഞങ്ങള്‍ തമ്മില്‍ പ്രേമമായിരുന്നൊ..? ഞാന്‍ അവളെ ആഗ്രഹിച്ചിരുന്നു ,പക്ഷെ അവള്‍ ആഗ്രഹിച്ചത്‌.....? അപ്പോള്‍ അതെന്റെ അഭിനിവേശമല്ലേ..? എന്താണ്‌ ഈ അഭിനിവേശം..?അതും പ്രേമവും തമ്മിലെന്താണ്‌ ബന്ധം. ?

അറിയില്ല മൊയ്‌തു , എനിക്ക്‌ പേരറിയാത്ത ഒരുപാട്‌ വികാരങ്ങളുണ്ട് ഈ ഭൂമിയില്‍.. എയര്‍പ്പോര്‍ട്ടില്‍ വിമാനം കയറാന്‍ വന്നപ്പോള്‍ ഉമ്മ എന്നെ കെട്ടിപ്പിടിച്ച്‌ കണ്ണു നനച്ചു, അന്നേരം എന്റെ നെഞ്ചിനുള്ളില്‍ ഒരു തീക്കനല്‍ വീണ്‌ പൊള്ളിയിരുന്നു.. മൊയ്‌തു..നീ എന്നോട്‌ പറഞ്ഞിരുന്നില്ല ആ തീക്കനല്‍ എന്തായിരുന്നുവെന്ന്‌.. ?

പെങ്ങള്‌ പെറ്റെന്ന്‌ വിളിച്ചു പറഞ്ഞപ്പോള്‍,,പൈതലിന്റെ തേങ്ങല്‍ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..അത്‌ സന്തോഷമായിരുന്നോ അതോ സങ്കടമായിരിന്നോ... ?

നീ ഇന്നെവിടെയാണ്‌..ദൂരെയാണെങ്കിലും എന്റെ മനസ്സ്‌ നീ വായിക്കുമെന്ന്‌ കരുതുന്നു.. ഇനിയുമിനിയും ഒരുപാട്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്‌ മനസ്സില്‍ .. എന്നെങ്കിലും കാണുമെന്ന

പ്രതീക്ഷയോടെ ,

സസ്നേഹം